തൊടുപുഴ: കാലവര്‍ഷം ശക്തമായതോടെ മലയോര മേഖലയിൽ വൈറൽ പനി വ്യാപകമാകുന്നു. നൂറുകണക്കിനു പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിൽ പനിക്ക് ചികിത്സ തേടുന്നത്. കുട്ടികൾക്കിടയിലും വൈറൽ പനി വ്യാപകമാണ്.
ചികിത്സയ്ക്ക് എത്തുന്നവരിൽ ഭൂരിഭാഗത്തിനും പനിക്ക് പുറമേ കടുത്ത ശരീരവേദനയും വരണ്ട ചുമയും ബാധിച്ചിട്ടുണ്ട്. ജില്ലയുടെ വിവിധ മേഖലകളിൽ ജലജന്യരോഗങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതിനാൽ ആരോഗ്യവകുപ്പ് നല്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
പനി ബാധിച്ചാൽ സ്വയം ചികിത്സ ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം ജൂൺ 10 വരെ 2,343 പേരാണ് വൈറല്‍ പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിലെ കണക്കുകൂടി ചേർത്താൽ എണ്ണം ഇരട്ടിയിലേറെയാകും. ജില്ലയിൽ രണ്ടു പേർക്ക് എലിപ്പനിയും ഒരാൾക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിരുന്നു. ഒമ്പതുപേര്‍ എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്.
എച്ച്1 എന്‍1 പനി ബാധിച്ച് ജില്ലയില്‍ ഒരാൾ മരിച്ചു. കൊച്ചുകരിമ്പന്‍ സ്വദേശിനി മറിയാമ്മ (82) ആണ് കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.